‘ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,’സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകളിൽ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവൻ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്.
ഈ ചരിത്രപരമായ സന്ദർഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നാം 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവൻ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേനയുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡുകൾ നടക്കും. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും രംഗങ്ങൾ ഇതിൽ പ്രദർശിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രിമാരും ഗവർണർമാരും മന്ത്രിമാരും ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയ പതാക ഉയർത്തും.
വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
Discussion about this post