സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. കുമരകത്ത് നടക്കുന്ന കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലും ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
ഏഴ് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് കേരള ഹൈക്കോടതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എത്തുന്നത്. ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയിലെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ സുവർണ ജൂബിലി ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് അന്ന് അദ്ദേഹം എത്തിയത്.
കേരള ഹൈക്കോടതിയിൽ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റൽ കോടതികൾ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ഇത് ആദ്യമായാണ് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദി പങ്കിടുന്നത്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി രാജീവ് എന്നിവരും ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ഹൈക്കോടതി ജഡ്ജിമാരായ ഡോ. എ.കെ. ജയശങ്കർ നമ്പ്യാർ, വി. രാജാ വിജയ രാഘവൻ, നന്ദൻ നിലെകനി എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
Discussion about this post