കണ്ണൂർ: ക്ലാസിക്കൽ കളരിയൂടെ തനതുരൂപത്തിൽ ആട്ടക്കളരിക്കു പുനർജന്മം. പയ്യന്നൂർ ആസ്ഥാനമായുള്ള യുനെസ്‌കോ അംഗീകൃത ഏജൻസിയായ ഫോക് ലാൻഡുമായി സഹകരിച്ച്, സാമ്പ്രദായിക രീതിയിൽ കളരി അഭ്യസിപ്പിക്കുന്ന ആചാര്യൻ അഫ്‌സൽ സഹീർ ഗുരുക്കളാണ് കളരിയെ നൃത്തവുമായി കോർത്തിണക്കിയുള്ള അപൂർവ ശിൽപശാല യാഥാർഥ്യമാക്കിയത്.
കളരിപ്പയറ്റിന്റെ നൃത്തരൂപേണയുള്ള അവതരണമാണ് ആട്ടക്കളരിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അഫ്‌സൽ സഹീർ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുകയൂർ കുന്നത്ത് ഏനാവൂർ കളരിയാണ് മൂന്നു ദിവസത്തെ ശിൽപശാലയ്ക്കു വേദിയായത്.
ഗുരുക്കൾക്കു പുറമെ പ്രശസ്ത നൃത്തകലാകാരൻ സുദീപ് പുതിയാർമ്പൻ, ഫ്രഞ്ച് കൊറിയോഗ്രാഫർ മൈക്കിൾ ലെസ്റ്റ്രഹാൾ എന്നിവർ കളരിക്ക് നേതൃത്വം നൽകി.
പത്മശ്രീ ബാലൻ പൂതേരി ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജയരാജൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം എ.കെ.അനുരാജ്, എം.പ്രേമൻ, ഡോ. കെ.എം.അരവിന്ദാക്ഷൻ, വി.ടി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post