ഇന്ന്, കൊല്ലവർഷം 1200 ചിങ്ങം 1. പുത്തൻ പ്രതീക്ഷകളുമായൊരു വർഷം കൂടി പിറക്കുകയാണ്. ദുരിതങ്ങൾ നിറഞ്ഞ കർക്കടക മാസത്തിനെ യാത്രയയച്ച് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ഈ മാസത്തിന്റെ ആദ്യ ദിവസം കേരളത്തിന് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനുള്ളൊരു ദിവസം കൂടിയായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്.
ഏറെ പ്രത്യേകതയുള്ള മാസമാണിത്. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നാളുകളാണ് ചിങ്ങം മാസം. ചിങ്ങം മാസം തുടങ്ങി കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് ഓണനാളുകൾ ആണ് ഇനി. ചിങ്ങത്തിലെ തിരുവോണ നാളിലാണ് നമ്മൾ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്ക് ഏറെ അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലാണ് കല്യാണങ്ങൾ ഏറെയും നടക്കുക. ഗൃഹപ്രവേശനം, പുതിയ ബിസിനസ് ആരംഭിക്കാൻ ഒക്കെ വളരെ നല്ല മാസമാണിത്.
ഈ വർഷം സെപ്റ്റംബർ 6ന് ആണ് ചിങ്ങ മാസത്തിലെ അത്തം നാൾ. സെപ്റ്റംബർ 15 ഞായറാഴ്ച തിരുവോണവും. പൂക്കളും ആർപ്പോവിളികളും നിറഞ്ഞ മാസമാണ് ചിങ്ങമാസം. ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കനുള്ള സമയമായിക്കഴിഞ്ഞു എന്നാണ് ചിങ്ങപ്പുലരി ഓർമിപ്പിക്കുന്നത്.
Discussion about this post