ലഖ്നൗ: വാരാണസിയിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്ന സബർമതി എക്‌സ്പ്രസിൻറെ 20 കോച്ചുകൾ പാളംതെറ്റി. ഉത്തർപ്രദേശിലെ കാൺപുരിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ 19168 ട്രെയിൻ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്തെ പാളത്തിൽ പാറക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷണം ആരംഭിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.
റെയിൽപാളത്തിലുണ്ടായിരുന്ന പാറക്കല്ലിൽ എൻജിൻ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. കാൺപുർ സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു.
എഞ്ചിൻറെ മുൻഭാഗത്ത് വലിയ പാറക്കല്ലുകൾ തട്ടിയെന്നാണ് മനസിലാകുന്നതെന്ന് ലോക്കോ പൈലറ്റ് പ്രതികരിച്ചു. ഇതേത്തുടർന്നാണ് 20 കോച്ചുകൾ പാളം തെറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2:30ന് അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കിയെന്നും അധികൃതർ അറിയിച്ചു.
സബർമതി എക്സ്പ്രസിലുണ്ടായിരുന്നവരെ കാൺപുരിലെത്തിക്കാൻ റെയിൽവേ ബസുകൾ ഏർപ്പെടുത്തിയിരുന്നു. ട്രെയിനിൽ കല്ലുകൾ ഇടിച്ചതിൻറെ അടയാളങ്ങൾ എൻജിനിൽ ഉണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെളിവുകൾ ശേഖരിച്ചതായും ഇൻറലിജൻസ് ബ്യൂറോയും യു പി പോലീസും അന്വേഷണം ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. റെയിൽവേയും അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാൺപുരിലേക്ക് ബസിൽ എത്തിക്കുന്ന യാത്രക്കാരെ ഈ സ്റ്റേഷനിൽ നിന്നും മറ്റൊരു ട്രെയിനിൽ കയറ്റുമെന്നാണ് റെയിൽവേ പറയുന്നത്. ഇതിനുപുറമെ എട്ട് കോച്ചുകളുള്ള മെമു ട്രെയിൻ കാൺപൂരിൽനിന്ന് അപകടസ്ഥലത്തേക്ക് എത്തി.
വാരണാസി ജങ്ഷനും അഹമ്മദാബാദിനും ഇടയിൽ സർവിസ് നടത്തുന്ന ട്രെയിനാണ് സബർമതി എക്‌സ്പ്രസ്. 20 കോച്ചുകൾ പാളം തെറ്റിയെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്ന് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ‘അപകടത്തിൽ ആളപായമോ പരിക്കോ ഇല്ല. ബസിലും ട്രെയിനിലും യാത്രക്കാരെ കാൺപൂരിലേക്ക് തിരിച്ച് കൊണ്ടുപോയിട്ടുണ്ട്. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ മറ്റൊരു ട്രെയിൻ കാൺപൂരിൽ ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ ഡിആർഎം ജാൻസി ഡിവിഷൻ ദീപക് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

