കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ ആകെ 14ലധികം മുറിവുകളുണ്ട്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ. ഇവയെല്ലാം തന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണ്.
കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചത്. “യുവതിയുടെ ജനനേന്ദ്രിയത്തിൽ ബലംപ്രയോഗിച്ചതിൻ്റെ മെഡിക്കൽ തെളിവുകളുണ്ട് – ഇത് ലൈംഗികാതിക്രമത്തിനുള്ള സാധ്യത വ്യക്തമാക്കുന്നതാണ്,” പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.
ഇരയുടെ ജനനേന്ദ്രിയത്തിൽ ഒരു “വെളുത്ത, കട്ടിയുള്ള, വിസിഡ് ദ്രാവകം” കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രക്തത്തിൻ്റെയും മറ്റ് ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ അയച്ചിട്ടുണ്ട്.
ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിലെ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ ഒടിവിൻ്റെ ലക്ഷണമില്ല.
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 ന് ആണ് ആശുപത്രിയിലെ സെമിനാർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസിലെ സിവിൽ വോളൻ്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. പിന്നീട് കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു.
ഈ ഭയാനകമായ കുറ്റകൃത്യം രാജ്യമൊട്ടാകെ വ്യാപകമായ രോഷത്തിന് കാരണമായി. ഇത് പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. ജനരോഷത്തിനിടയിൽ, ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചു. തുടർന്ന് ഇയാളെ സിബിഐ ചോദ്യം ചെയ്തു.
സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാൾ സർക്കാർ ജോലിസ്ഥലങ്ങളിൽ, പ്രത്യേകിച്ച് സർക്കാർ നടത്തുന്ന ആശുപത്രികളിൽ സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നിരവധി നടപടികൾ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക്, പ്രത്യേകിച്ച് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക റൂമുകളും സിസിടിവി നിരീക്ഷിക്കുന്ന ‘സേഫ് സോണുകളും’ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രഖ്യാപിച്ചത്.
അതിനിടെ, കേസ് സുപ്രീം കോടതി സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് ഓഗസ്റ്റ് 20ന് വാദം കേൾക്കും.

