പൂനെ: പൂനെയിലെ ലോഹ്‌ഗാവ് വിമാനത്താവളത്തിൽ ബോർഡിംഗ് സമയത്ത് യാത്രക്കാരിയുടെ അതിക്രമം. രണ്ട് സഹയാത്രികരെ മർദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലുകയും കൈ കടിക്കുകയും ചെയ്തത സ്ത്രീയെ ഒടുക്കം വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
ഇൻഡിഗോ എയർലൈൻസിൻ്റെ പൂനെ-ഡൽഹി വിമാനത്തിൽ (6E 5261) ബോർഡിംഗ് നടക്കുന്നതിനിടെ ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അവർക്ക് അനുവദിച്ച സീറ്റിൽ ഇരിക്കുകയായിരുന്ന രണ്ട് സഹയാത്രികരെയാണ് യുവതി ആക്രമിച്ചത്. സ്ഥിതിഗതികൾ വഷളായതോടെ ക്രൂ അംഗങ്ങൾ ഇടപെടുകയും രണ്ട് സിഐഎസ്എഫ് കോൺസ്റ്റബിൾമാരായ പ്രിയങ്ക റെഡ്ഡി, സോണിക പാൽ എന്നിവരെയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിളിക്കുകയും ചെയ്തു.
തർക്കത്തിനിടെ യുവതി കോൺസ്റ്റബിൾ റെഡ്ഡിയെ തല്ലുകയും കൈ കടിക്കുകയും ചെയ്തു. എന്നാൽ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവതിയെ നിയന്ത്രിച്ച് കൂടെയുണ്ടായിരുന്ന ഭർത്താവിനെയും വിമാനത്തിൽ നിന്ന് ഇറക്കി. തുടർന്ന് ദമ്പതികളെ എയർപോർട്ട് പോലീസിന് കൈമാറി.
നേരത്തെ സമാനമായ സംഭവത്തിൽ, ജീവനക്കാരോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയതിന് ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിൽ നിന്ന് ഒരു സ്ത്രീയെ ഇറക്കിവിട്ടിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 504 (സമാധാനത്തിനും പൊതു സമാധാനത്തിനും ഭംഗം വരുത്താൻ മനഃപൂർവം അപമാനിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുക) പ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post