തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ഇളവ് വന്നിരിക്കുകയാണ്. തൃശൂരിലെ പുലിക്കളി ഇത്തവണയും മുടങ്ങില്ല. ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, ചക്കാമുക്ക് ദേശം പുലിക്കളി, ശക്തൻ പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷക്കമ്മിറ്റി, കാനാട്ടുകര ദേശം പുലിക്കളി, സീതാറാം മിൽ ദേശം പുലിക്കളി സംഘാടകസമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരികസമിതി, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി എന്നിവ.
പുലിക്കളിക്ക് തുക അനുവദിക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണ് ഉള്ളത്. കോർപ്പറേഷൻ ഇക്കാര്യത്തിൽ നിലപാടെടുത്താൽ സാമ്പത്തിക സഹായം നൽകാൻ തടസ്സമുണ്ടാകില്ല.
കഴിഞ്ഞ ഓണത്തിന് പുലിക്കളിയിൽ മികച്ച ടീമിനുള്ള ട്രോഫി നേടിയത് അയ്യന്തോൾ ദേശത്തെ പുലികളായിരുന്നു. കാനാട്ടുകര ദേശം രണ്ടാമതെത്തി. ഒന്നാമതെത്തിയ അയ്യന്തോൾ ദേശത്തിന് 62500 രൂപയുടെ സമ്മാനവും ലഭിച്ചു. പുലികെട്ടിന്റെ ഭംഗിയായിരുന്നു അയ്യന്തോൾ ദേശത്തെ പുലികളെ ഒന്നാമതെത്തിച്ചത്. അച്ചടക്കം, പുലിവണ്ടി, ടോബ്ലോ എന്നിവയിലെല്ലാം അയ്യന്തോൾ ദേശക്കാർ മികവ് പുലർത്തി.
കാനാട്ടുകര ദേശക്കാരാണ് രണ്ടാംസ്ഥാനം കൊണ്ടുപോയത്. 50,000 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. ചമയപ്രദർശനത്തിൽ വിയ്യൂർ ദേശമാണ് മുന്നിൽ നിന്നത്.
Discussion about this post