തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തി. വനിത എസ്ഐ ഉൾപ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിൽ എത്തിയത്. പെൺകുട്ടി ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ചിത്രം കന്യാകുമാരിയിലെ ചില ഓട്ടോ ഡ്രൈവർമാർ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു.
നിലവിൽ കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമുകളിൽ പോലീസ് തിരച്ചിൽ നടത്തുകയാണ്. നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾക്കുള്ളിലും പരിശോധന നടത്തിവരികയാണ്. അതിരാവിലെ 5.30-ന് സ്റ്റേഷൻ്റെ പുറത്തുള്ള ഭഊാഗത്ത് കുട്ടിയെ കണ്ടതായാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ നൽകുന്ന വിവരം. എന്നാൽ കുട്ടിയെ സ്റ്റേഷനുള്ളിൽ കണ്ടതായും ആരും ശ്രദ്ധിച്ചിട്ടില്ല. സ്റ്റഷന് അകത്തും പുറത്തുമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും കന്യാകുമാരിയിൽ എത്തിയ പോലീസ് സംഘം വ്യക്തമാക്കുന്നു.
പെൺകുട്ടി കന്യാകുമാരിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തിയത്. നെയ്യാറ്റിൻകരയിൽ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. കന്യാകുമാരി എസ്പിയുമായി ബന്ധപ്പെട്ട ശേഷമാണ് കേരള പോലീസ് സംഘം സ്ഥലത്തേയ്ക്ക് പുറപ്പെട്ടത്. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
Discussion about this post