ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മുതിർന്ന ആർഎസ്എസ് നേതാവും. ജമ്മു കശ്മീരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഇൻ ചാർജായി രാം മാധവിനെ നിയമിച്ചു. നേരത്തെ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിട്ടുള്ള രാം മാധവ് ഒരിടവേളയ്ക്ക് ശേഷമാണ് പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാം മാധവിനെ 2020 സെപ്റ്റംബറിൽ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ജെപി നദ്ദ ദേശീയ അധ്യക്ഷസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാം മാധവിൻ്റെ പടിയിറക്കം. ജനറൽ സെക്രട്ടറിയായിരിക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ജമ്മു കശ്മീരിൻ്റെയും ഇൻചാർജുമായിരുന്നു രാം മാധവ്. ജമ്മു കശ്മീരിൽ ബിജെപി – പിഡിപി സഖ്യ സർക്കാർ അധികാരത്തിലേറിയതിന് പിന്നിലും രാം മാധവ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അതേസമയം രാം മാധവിന് പുറമേ കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയെയും തെരഞ്ഞെടുപ്പ് ഇൻ ചാർജായി നിയമിച്ചു.

