എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ചിത്രങ്ങൾക്ക് വിലക്കുമായി ഓൺലൈൻ ഭക്ഷണ ഓർഡറിംഗ് പ്ലാറ്റ്ഫോമായ സൊമാറ്റോ. ആപ്പിൽ ഭക്ഷണ വിഭവങ്ങൾക്ക് എഐ ചിത്രങ്ങൾ നൽകുന്നതിന് എതിരെയാണ് സൊമാറ്റോയുടെ തീരുമാനം. എഐ ചിത്രങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും പറ്റിക്കുന്നതായും സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിൻറെ ട്വീറ്റിൽ പറയുന്നു.
‘ഞങ്ങളും എഐ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ റസ്റ്റോറൻറ് മെനുകളിൽ ഡിഷുകൾക്ക് എഐ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ വിഷയത്തെ കുറിച്ച് ഏറെ ഉപഭോക്തൃ പരാതികൾ ലഭിച്ചിട്ടുണ്ട്. സൊമാറ്റോയെ കുറിച്ചുള്ള വിശ്വാസം എഐ ചിത്രങ്ങൾ തകർക്കുന്നു എന്നാണ് അവരുടെ പരാതി. എഐ ചിത്രങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് ഓർഡർ ചെയ്യുന്നത് മൂലം ഏറെ പേർക്ക് പണം റീഫണ്ട് നൽകേണ്ടിവരുന്നു. പലരും റേറ്റിംഗ് കുറച്ച് ഇതിനാൽ നൽകുന്നു. എഐ ചിത്രങ്ങൾ ഡിഷുകൾക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ റസ്റ്റോറൻറുകളോട് അഭ്യർഥിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ ഭക്ഷണ മെനുവിൽ നിന്ന് നീക്കം ചെയ്യുന്നത് ഈ മാസം അവസാനത്തോടെ സൊമാറ്റോ തുടങ്ങും. എഐ ചിത്രങ്ങൾ ആപ്പിൽ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ഈ നിർദേശങ്ങൾ ഞങ്ങളുടെ മാർക്കറ്റിംഗ് ടീമിനും ബാധകമാണ്. അവർ പ്രൊമേഷനായി എഐ ചിത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന് നിർദേശിച്ചതായും’ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തു.
‘ഗ്രൂപ്പ് ഓർഡറിംഗ്’ എന്നൊരു പുതിയ ഫീച്ചർ കഴിഞ്ഞ ദിവസം സൊമാറ്റോ അവതരിപ്പിച്ചിരുന്നു. ഒരിടത്തേക്ക് ഒന്നിലധികം പേർക്ക് ഒരു പാർട്ടിക്കോ പിറന്നാളാഘോഷത്തിനോ മറ്റോ ഏറെ വിഭവങ്ങൾ ഓർഡർ ചെയ്യേണ്ടിവന്നാൽ ഈ സംവിധാനം അത് അനായാസമാക്കും. ഓർഡർ ചെയ്യുന്നയാൾ ലിങ്ക് ഗ്രൂപ്പിലെ മറ്റുള്ളവർക്ക് കൈമാറിയാൽ എളുപ്പം ഓർഡർ പൂർത്തിയാക്കാം. ഓരോരുത്തർക്കും ആ ലിങ്കിൽ കയറി തങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവം കാർട്ടിലേക്ക് ആഡ് ചെയ്യാനാകുന്ന തരത്തിലാണിത്.
Discussion about this post