ന്യൂഡൽഹി: 1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. പിന്നീട് 45 വർഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യൻ രാജ്യവുമായി ‘അകലം’ പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിർത്തി പങ്കിടുന്ന യുക്രെയ്നിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്.
ഇന്ത്യൻ കമ്പനികൾ പോളണ്ടിൽ അവരുടെ ബിസിനസ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഐടി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, പാക്കേജിംഗ് വ്യവസായം എന്നീ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ പോളണ്ടിൽ നിക്ഷേപം ഇറക്കിയിട്ടുണ്ട്. 2023ൽ മാത്രം ഇന്ത്യൻ കമ്പനികൾ 300 കോടി ഡോളർ പോളണ്ടിൽ മുതൽമുടക്കിയെന്ന് മാത്രമല്ല, ഏകദേശം 10,000 പോളണ്ട് സ്വദേശികൾക്ക് ജോലി നൽകുകയും ചെയ്തു.
മധ്യ യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് പോളണ്ട്. വ്യാപാരം, പ്രതിരോധം, സാംസ്കാരിക ബന്ധം എന്നിവയാണ് ഇപ്പോഴത്തെ മോദിയുടെ സന്ദർശനത്തിൽ ചർച്ചാവിഷയമാവുക. ആഗസ്ത് 21, 22 തീയതികളിൽ മോദി പോളണ്ടിലെ വാർസോവിൽ ചെലവഴിക്കും. ഇവിടെ പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പോളണ്ട് പ്രസിഡൻറ് ആന്ദ്രെ ഡ്യൂഡ എന്നിവരുമായി മോദി ചർച്ചകൾ നടത്തും.
ഐടി, സൈബർ സുരക്ഷാ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ പുതിയ കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയാണ് പോളണ്ടിലെ വിദേശകാര്യമന്ത്രി ബർടോസെവ്സ്കി പ്രകടിപ്പിക്കുന്നത്.
വാഴ്‌സയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം ആയിരുന്നു പോളണ്ടിലെ അധികൃതർ നൽകിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ഇന്ത്യക്കാരും വിമാനത്താവളത്തിൽ എത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളെയും ഏന്തിയാണ് പ്രധാനമന്ത്രിയെ കാണാൻ ഇവർ എത്തിയത്. ഇവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ദേശീയ പതാകയും കൈകളിൽ ഏന്തി ഭാരത് മാതാ കി ജയ് വിളിച്ചായിരുന്നു ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റത്.
ആഗസ്ത് 23ന് മോദി ഉക്രൈൻ പ്രസിഡൻറ് സെലൻസ്കിയുടെ ക്ഷണപ്രകാരം ഉക്രൈനിലേക്ക് യാത്ര തിരിക്കും.
Discussion about this post