ഗുവാഹത്തി: ഇസ്ലാമിക വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും ഇസ്ലാമിക പുരോഹിതരെ (ഖാസി) വിലക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകി അസം മന്ത്രിസഭ. മുസ്ലീം വിവാഹ രജിസ്‌ട്രേഷൻ ബില്ല് 2024 എന്ന പേരിലാണ് സർക്കാർ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ ബില്ല് അവതരിപ്പിക്കും.
സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിന്റെ ആദ്യപടിയായാണ് ബില്ല് അവതരിപ്പിക്കുന്നത്. മുസ്ലീം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും പുരോഹിതരെ വിലക്കുന്ന ബില്ല് ശൈശവ വിവാഹം തടയാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളത് കൂടിയാണ്. ബില്ല് സഭ പാസാക്കിയാൽ ഉടൻ തന്നെ സർക്കാർ നിയമമാക്കും. നിയമം പ്രബല്യത്തിലാകുന്നതോടെ മുസ്ലീം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരം സബ് രജിസ്ട്രാർക്ക് മാത്രമാകും.
മുസ്ലീം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞു. ഓരോ സമൂഹത്തിനും വിവാഹം സംബന്ധിച്ച് ഓരോ ആചാരങ്ങളാണ് ഉള്ളത്. എന്നാൽ അതിലൊന്നും സർക്കാർ ഇടപെടുന്നില്ല. ബില്ലും അങ്ങിനെയാണ്. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്ന അവകാശം മാത്രം വ്യക്തികളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥനിലേക്ക് കൈമാറ്റം ചെയ്യുന്നു. അത് മാത്രമാണ് വ്യത്യാസം. പ്രായപൂർത്തിയാകാത്തവരെ അത് ആൺ കുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും വിവാഹം കഴിപ്പിക്കുന്നത് തടയുകയാണ് ബില്ലിന്റെ മറ്റൊരു ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

