കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ എതിർപ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നൽകും. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ ഈടാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേയുണ്ട്.
ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു പൾസർ സുനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വാഹനത്തിൽവെച്ച് യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്.
കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സബോർഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ജനറലിനായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കിൽ റിപ്പോർട്ട് സെഷൻസ് കോടതിയിൽ നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
Discussion about this post