ന്യൂഡൽഹി: ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു . നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളെ വാഴ്ത്താനുള്ള ദിനം കൂടിയാണിത് എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
‘ആദ്യത്തെ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ. ബഹിരാകാശ മേഖലയിൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു . നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളെ എടുത്ത് പറയേണ്ട ദിനം കൂടിയാണിത് . ഈ മേഖലയുമായി ബന്ധപ്പെട്ട് ഭാവിയിലേക്കുള്ള മികച്ച തീരുമാനങ്ങൾ എടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വരും കാലങ്ങളിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കട്ടേ ‘ – പ്രധാനമന്ത്രി പറഞ്ഞു.
ചാന്ദ്രയാൻ-3 ദൗത്യവുമായി ചന്ദ്രനിൽ ആദ്യ ബഹിരാകാശ പേടകം ഇറക്കിയതിലെ ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കുന്നതാണ് ഈ ദിനം. ഇന്ത്യയുടെ വിജയത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രിയാണ് ആഗസ്റ്റ് 23 ”ദേശീയ ബഹിരാകാശ ദിനം” ആയി പ്രഖ്യാപിച്ചത്. ചന്ദ്രനിൽ കാലുകുത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയിൽ എത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി. അമേരിക്ക, ചൈന, മുൻ സോവിയറ്റ് യൂണിയൻ എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായാണ് ഇതോടെ ഇന്ത്യ മാറിയത്.

