സംസ്ഥാനത്ത് ഇന്ന് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം. അഷ്ടമിരോഹിണി ദിനത്തിൽ ബാലഗോകുലത്തിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശോഭായാത്രകൾ വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വയനാട്ടിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര. എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോൾ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും.
ശോഭായാത്രയിൽ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമർപ്പണം ചെയ്യുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന’പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.
ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരപ്പൻറെ പിറന്നാൾ ദിനത്തിൽ രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് മികച്ച കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും.
5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും
ഇതിനിടെ പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹസദ്യ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്ത് 10000 പേർക്കുമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. മുഴുവൻ പള്ളിയോടങ്ങളും ഇന്ന് ക്ഷേത്രത്തിലെത്തി സദ്യ കഴിച്ച് മടങ്ങും. അഷ്ടമി രോഹിണിക്ക് ശേഷവും ഒക്ടോബർ രണ്ടുവരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് നടക്കും.
Discussion about this post