കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വിളിച്ചാൽ മൊഴി നൽകാൻ തയ്യാറാണെന്നും കുറ്റാരോപിതർ മാറിനിൽക്കുന്നത് അന്വേഷണത്തിന് ആവശ്യമാണെന്നും ടൊവിനോ.
കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷ അനുഭവിക്കണം. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആൾക്കൂട്ട വിചാരണയല്ല നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ലൈംഗിക ചൂഷണത്തിൽ മൊഴി ലഭിച്ചാൽ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സർക്കാർ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിൻ ജോസഫ്, വി അജിത്ത്, എസ് മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്. ആരോപണങ്ങളിൽ പ്രത്യേക വിഷയത്തിൽ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാൻ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക.
Discussion about this post