ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനിടെ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ‘പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും’ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്.
മലയാള സിനിമാരംഗത്തെ അടിമുടി പിടിച്ചുകുലുക്കുന്ന സംഭവങ്ങളെപ്പറ്റി സിനിമാ രംഗത്തുള്ളവരുടെ പ്രതികരണം ശ്രദ്ധിക്കുന്നു. ജഗദീഷിനെപ്പോലെ ഉർവ്വശിയെപ്പോലെ അർത്ഥശങ്കക്ക് ഇടയില്ലാതെ അതിജീവിതമാർക്ക് ഒപ്പം നിൽക്കുന്നവർ വിരളം. “എൻറെ വാതിലിൽ ആരും മുട്ടിയിട്ടില്ല” അതു കൊണ്ട് പ്രശ്നമുണ്ടോ എന്നറിയാത്ത നിഷ്കളങ്കർ ഏറെ. വാർത്തയാകുമ്പോൾ കുറച്ച് എരിവും പുളിയും വേണ്ടേ എന്ന് മറ്റൊരാൾ. “പഴയ കാലത്തെ കാര്യത്തിൽ ഇപ്പോൾ പരാതി നൽകാൻ വരുന്നത് ബാലിശം” എന്ന് വേറൊരാൾ.
ഒരു ബലിശവുമില്ല. അതിജീവിതമാർക്ക് സുരക്ഷിതത്വം തോന്നുന്ന സമയത്ത് അവർ സംസാരിക്കും, ചിലപ്പോൾ പരാതി നൽകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരം പറയാൻ കുറ്റവാളികൾ ജീവിതകാലം ബാധ്യസ്ഥരാണ്. അതിന് ടൈംടേബിൾ വെക്കാൻ കുറ്റം ചെയ്യുന്നവർക്ക് ഒരവകാശവുമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പേടിച്ചു ജീവിക്കുക മാത്രമേ നിവർത്തിയുള്ളൂ.
“ആരോപണത്തിൻറെ പേരിൽ ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ” എന്നൊരാൾ. പരിഷ്കൃത സമൂഹം ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയാണല്ലോ ഇവിടെ ചർച്ച നടക്കുന്നത്! പ്രതികരണം ശ്രദ്ധിച്ചാൽ കുറച്ചു കാര്യങ്ങൾ വ്യക്തം.
1. എഴുതിക്കൊടുത്ത സ്ക്രിപ്റ്റുമായി കാമറക്ക് മുന്നിൽ പറയുന്ന മിടുക്കൊന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇവർക്കില്ല.
2. മലയാള സിനിമയിലെ മുൻനിര ഡയലോഗ് എഴുത്തുകാർ വിചാരിച്ചാൽ പറഞ്ഞു തീർക്കാവുന്നതല്ല ഈ വിഷയം.
3. സിനിമയിലെ ശക്തർക്കെതിരെ സംസാരിച്ചവർക്കെല്ലാം കരിയർ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വെടിയും പുകയും കഴിയുമ്പോൾ അതു തന്നെ സംഭവിക്കും എന്ന് മുൻപരിചയത്തിന്റെ വെളിച്ചത്തിൽ ആളുകൾ ഭയക്കുന്നുമുണ്ട്.
4. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ പ്രമുഖ താരങ്ങളോ സംവിധായകരോ പോലും വ്യക്തിപരമായി പ്രതികരിച്ചില്ല എന്നതോ പോട്ടേ, കൂട്ടായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത്, ആരോപണ വിധേയരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, അതിജീവിതമാർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രസ്ഥാവന പോലും ഇറക്കിയിട്ടില്ല. ന്യൂജെൻ ഒക്കെ സിനിമയിലേ ഉള്ളൂ.
5. പഴയ തലമുറയിലെ താപ്പാനകളുടെ മൗനവും ശ്രദ്ധിക്കേണ്ടതാണ്. പ്രതികരിക്കാതിരിക്കുന്നതും ഒരു പ്രതികരണം തന്നെയാണ്. അതും വായിച്ചെടുക്കാനാകും.
ആകെ മൊത്തം പറഞ്ഞാൽ സീൻ ഡാർക്ക് ആണ്. പ്രതീക്ഷ വേണ്ട.
Discussion about this post