ശ്രീനഗർ: ജമ്മു കശ്മീരിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
സൻസ്‌കർ, ദ്രാസ്സ്, ഷാം, നുബ്ര, ചാൻഗതാംഗ് എന്നിവയാണ് പുതിയ ജില്ലകൾ. ലഡാക്കിനെ വികസനത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. എക്‌സിലൂടെയാണ് അമിത് ഷാ കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം അറിയിച്ചത്.
ലഡാക്കിൽ വികസനം എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് ജില്ലകൾ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സൻസ്‌കർ, ദ്രാസ്സ്, ഷാം, നുബ്ര, ചാൻഗതാംഗ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകൾ. ലഡാക്കിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അമിത് ഷാ വ്യക്തമാക്കി.
ലഡാക്കിലെ ജനങ്ങൾക്ക് കൈ നിറയെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസർക്കാരെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യയുടെ ഈ നീക്കം ചൈനയെയും പാകിസ്താനെയും ചൊടിപ്പിക്കുമെന്നകാര്യം ഉറപ്പാണ്. എങ്ങിനെയെങ്കിലും ലഡാക്കിൽ സ്വാധീനം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. ഇതിനേറ്റ ശക്തമായ പ്രഹരമാണ് പുതിയ പ്രഖ്യാപനം.

