എറണാകുളം: സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ- മെയിൽ ആയിട്ടാണ് നടി പരാതി സമർപ്പിച്ചിരിക്കുന്നത്.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയിരിക്കുന്നത്. ആദ്യം പരാതി നൽകാനോ മറ്റ് നിയമ നടപടികൾക്കോ ഇല്ലെന്ന് ആയിരുന്നു നടിയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിന് വേണ്ടി മാത്രമാണ് തന്റെ വെളിപ്പെടുത്തൽ എന്നും നടി പറഞ്ഞിരുന്നു. എന്നാൽ നടിയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ രഞ്ജിത്ത് നടിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖ കൊച്ചി പോലീസിന് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിക്കും.
പരാതി ലഭിച്ചാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാം എന്നായിരുന്നു വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു നടിയ്ക്ക് രഞ്ജിത്തിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്.
Discussion about this post