ന്യൂഡൽഹി: പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ 39 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ മേഖലയിലാണ് പലയിടങ്ങളിലായി ആക്രമണങ്ങൾ നടന്നത്. ബലൂചിസ്താൻ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബലൂചിസ്താൻ പ്രവിശ്യാ സർക്കാരിന്റെ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമുണ്ട്. ആക്രമണങ്ങൾ വിവിധ സ്ഥലങ്ങളിലാണ് നടന്നതെങ്കിലും എല്ലാം സംഘടിതമായ രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയവയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ക്രൂരമായ ആക്രമണം നടന്നത് ബലൂചിസ്താനിലെ മുസാഖൈൽ ജില്ലയിലാണ്. ബസ്സുകളിലും ട്രക്കുകളിലും യാത്ര ചെയ്യുകയായിരുന്ന ആളുകളെ അക്രമികൾ ആദ്യം വാഹനങ്ങളിൽ നിന്ന് ഇറക്കി. പിന്നീട് ഓരോരുത്തരും ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് പരിശോധിച്ചു. ബലൂച് വംശീയ വിഭാഗത്തിൽ പെടാത്തവരെ തെരഞ്ഞു പിടിച്ച് മാറ്റി നിർത്തുകയും തുടർന്ന് വെടിവെച്ച് കൊല്ലുകയുമായിരുന്നു.
സംഭവം മുസാഖൈൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നജീബ് കാകർ വിവരിക്കുന്നത് ഇങ്ങനെ: “ആയുധങ്ങളുമായി എത്തിയ തീവ്രവാദികൾ പഞ്ചാബും ബലൂചിസ്താനും തമ്മിൽ ബന്ധിപ്പിക്കുന്ന രാരാഷാം മേഖലയിലെ ഹൈവേ ബ്ലോക്ക് ചെയ്തു. ബസ്സുകളിൽ നിന്ന് ആളുകളെ പുറത്തിറക്കി. ഇരുപത്തിരണ്ടോളം ബസ്സുകളിൽ നിന്ന് ആളെ പുറത്തിറക്കി. പഞ്ചാബിൽ നിന്ന് വരുന്നവയായിരുന്നു ഈ ബസ്സുകളെല്ലാം. കൂട്ടത്തിൽ പഞ്ചാബികളെ തെരഞ്ഞ് പിടിച്ച് മാറ്റി നിർത്തി. ശേഷം വെടി വെച്ച് കൊന്നു.”
ആക്രമികൾ 30-40 പേരുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ടവരെല്ലാം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. 17 ട്രക്കുകളടക്കം 23 വാഹനങ്ങൾ ഭീകരർ തീവെച്ച് നശിപ്പിച്ചു.
ബലൂചിസ്താനിൽ തന്നെ നോഷ്കി മേഖലയിൽ ശനിയാഴ്ച സമാനമായ മറ്റൊരു സംഭവത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ടോളം വരുന്ന തോക്കുധാരികൾ ക്വറ്റ-താഫാൻ ഹൈവേയിൽ ബസ്സ് തടയുകയായിരുന്നു. ബസ്സിലെ പഞ്ചാബ് മേഖലയിൽ നിന്നുള്ള 9 പേരെ ഇവർ തട്ടിക്കൊണ്ടുപോയി. ശേഷം വെടിവെച്ച് കൊന്നു.
ഇത് പ്രദേശത്തു തന്നെ മറ്റൊരു വാഹനത്തിൽ നിന്ന് രണ്ടുപേരെ തിരഞ്ഞു പിടിച്ച് കൊല ചെയ്തതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ബലൂചിസ്താനിൽ വിഘടനവാദം ശക്തമാകുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ മാസത്തിലാണ് ഇതിനു മുമ്പ് ഇത്തരമൊരു ആക്രമണം നടന്നത്. ഇതിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 170 ഭീകരാക്രമണങ്ങൾ മേഖളയിൽ നടന്നു. ഇതിൽ 151 സാധാരണക്കാരും, 114 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
പാകിസ്താനിലെ ബലൂചിസ്താനിലും, ഇറാന്റെ ചില ഭാഗങ്ങളിലുമായി പരന്നുകിടക്കുന്ന ഭൂപ്രദേശത്താണ് ബലൂച് തീവ്രവാദികൾ അവകാശവാദം ഉന്നയിക്കുന്നത്. പാകിസ്താനിലും ഇറാനിലും ഏറ്റവും കുറവ് വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ള പ്രദേശങ്ങളാണിവ എന്ന പ്രത്യേകതയും ഉണ്ട്. രാഷ്ട്രീയ അധികാരം കൈയാളാനുള്ള ശ്രമമാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി നടത്തുന്നത്. പ്രകൃതി വിഭവങ്ങളാൽ ഏറെ സമ്പന്നമാണ് ബലൂചിസ്താൻ മേഖല. ബലൂച് വംശജരല്ലാത്ത ആളുകൾക്കു നേരെ ആക്രമണം നടത്തുന്ന തീവ്രവാദ പ്രവർത്തനം മേഖലയിൽ ഏറെക്കാലമായി നടന്നു വരുന്നതാണ്.
Discussion about this post