തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും.
2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരധിവാസത്തിനായി 2000 കോടിയിലേറെ രൂപ വേണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേന്ദ്രത്തിന് നൽകാനുള്ള മെമ്മോറാണ്ടം തയ്യാറായിക്കഴിഞ്ഞു.
ശമ്പള, പെൻഷൻ വിതരണത്തിനും ഈ മാസത്തെ മറ്റു ചെലവുകൾക്കുമായി 3,000 കോടി രൂപ സർക്കാർ കടമെടുത്തു. റിസർവ് ബാങ്ക് മുഖേന പൊതുവിപണിയിൽ കടപ്പത്രമിറക്കിയായിരുന്നു കടമെടുപ്പ്. 7.31 ശതമാനമാണു പലിശ. ഇതിൽ 2,000 കോടി 35 വർഷം കൊണ്ടും 1,000 കോടി 16 വർഷം കൊണ്ടുമാണു തിരിച്ചടയ്ക്കേണ്ടത്.
വയനാട്ടിലെ മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കും ധനസഹായം നൽകും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും സാമ്പത്തിക സഹായം ഉണ്ടാകും.
ഉരുൾപൊട്ടലിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെട്ടവർക്കും 60% ൽ അധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ നൽകും. 40% മുതൽ 60% വരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപയും സിഎംഡിആർഎഫിൽ നിന്നും അനുവദിക്കുവാൻ തീരുമാനിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും.
സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നതിനാൽ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക ലഭിക്കില്ല.
2018 നു സമാനമായി, വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക്, യൂണിവേഴ്സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ, ഡയറക്ടറേറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകൾ നൽകുമ്പോൾ യാതൊരുവിധ ഫിസും ഈടാക്കാൻ പാടുള്ളതല്ല എന്നും ഉത്തരവ് നൽകിയിട്ടുണ്ട്.
Discussion about this post