കുട്ടനാട്: തിരുവല്ല പുളിക്കീഴിലെ ജവാൻ മദ്യ നിർമാണ ശാലയിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവും ഭാര്യയും ലക്ഷങ്ങൾ തട്ടി. കാവാലം ഗ്രാമപഞ്ചായത്ത് വടക്കൻ വെളിയനാട് മിഡിൽ ബ്രാഞ്ച് സെക്രട്ടറി ഷജിത്ത് ഷാജി, ഭാര്യ ശാന്തിനി എന്നിവർക്കെതിരെ തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഷജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം പറയുന്നത്. ഇനിയും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞ് തടി തപ്പുകയാണ് സിപിഎം നേതൃത്വം. എന്നാൽ തട്ടിപ്പിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
വർഷങ്ങളായി ഷജിത്തും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ചേർന്ന് ലക്ഷങ്ങൾ തട്ടിയതായും ഇവർ ആരോപിക്കുന്നു. പിൻ വാതിൽ നിയമനം ആണെന്നും പാർട്ടി നേതാക്കൾക്കുള്ള പണമാണ് നിങ്ങളിൽ നിന്നും വാങ്ങുന്നതെന്നും പറഞ്ഞാണ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. ഇത്തരത്തിൽ ഷജിത്തിൻ്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയതും ലക്ഷങ്ങളാണ്.
പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് സിപിഎമ്മിൻ്റെ തട്ടിപ്പ് പുറത്തായത്. തുടർന്ന് പണം നൽകിയവർ ഷജിത്തിൻ്റെയും ഭാര്യ ചാന്ദിനിയുടെയും വീട്ടിൽ ചെന്നെങ്കിലും ഫലം ഉണ്ടായില്ല. തട്ടിപ്പിന് ഇരയായ ചങ്ങനാശ്ശേരിയിലെ ഒരു കുടുംബം ഷജിത്തിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. തുടർന്ന് രാമങ്കരി പോലീസിൽ പരാതി നൽകാനെത്തിയവരെ സിഐ ആട്ടി ഓടിച്ചെന്നും പരാതി സ്വീകരിച്ചില്ലെന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു. തുടർന്നാണ് ബാങ്കിൽ പണം അയച്ച് നൽകിയവർ കൈനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Discussion about this post