തിരുവനന്തപുരം: യുവ നടി രേവതി സമ്പത്തിന്റെ പരാതിയിൽ മുതിർന്ന നടനും താര സംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016 ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് നടി കഴിഞ്ഞ ദിവസം പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പ്രത്യേക സംഘത്തിലെ എസ് പി കഴിഞ്ഞ ദിവസം നടിയെ ഫോണിൽ ബന്ധപ്പെട്ട് പരാതി നൽകാൻ തയ്യാറാണോയെന്ന് അന്വേഷിച്ചിരുന്നു. ഇതിനെ തുടർന്ന് നിയമോപദേശം തേടിയശേഷമാണ് നടി പരാതി നൽകിയത്. നടിക്കെതിരെ സിദ്ദിഖ് നൽകിയ പരാതിയും ഡി ജി പി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
പലപ്പോഴും വ്യത്യസ്ത ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത് എന്നാണ് സിദ്ധിഖ് നൽകിയ പരാതിയിൽ പറയുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018 ൽ ഇവർ പറഞ്ഞിരുന്നത് . പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം.
നടിയോട് മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും ഡി ജി പിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടി പീഡനപരാതി രേഖാമൂലം നൽകിയത്.
Discussion about this post