ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി കൈകോർക്കുകയാണ് എൻഡിഎ സർക്കാരുകൾ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളാണ് ഇതുവരെയായി ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. നാല് സംസ്ഥാനങ്ങളും ചേർന്ന് 50 കോടി രൂപയാണ് വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകിയിരിക്കുന്നത്.
മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപയാണ് വയനാടിനുള്ള ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആണ് കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരും വയനാടിന് പത്തു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരും മധ്യപ്രദേശ് സർക്കാരും വയനാടിനുള്ള ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപയാണ് ധനസഹായമായി നൽകുന്നത്. കേരളത്തിലുള്ള സഹായധനം പ്രഖ്യാപിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗിക കത്തിലൂടെ അറിയിച്ചു. മധ്യപ്രദേശ് സർക്കാർ 20 കോടി രൂപയാണ് വയനാടിനുള്ള ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ജന്മാഷ്ടമി ദിന സന്ദേശത്തിലാണ് വയനാടിനുള്ള ധനസഹായം പ്രഖ്യാപിച്ചത്.
Discussion about this post