തൃശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. രാമനിലയത്തിൽവെച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപി പരാതി നൽകിയത്.
മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇതുപരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാൽ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനിൽക്കേയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ കേസുനൽകിയത്.
അതേസമയം സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സുരേഷ് ഗോപിയുടെ പരാതിയിൽ കേന്ദ്രം വിശദാംശങ്ങൾ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകൾക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് പറഞ്ഞു.
Discussion about this post