ന്യൂഡൽഹി: ഇൻഡോ പസിഫിക്കിൽ ഇന്ത്യയുടെ മസിൽ പവർ വർദ്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച കമ്മീഷൻ ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ ഉന്നത നാവിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്. ഇനി മേഖലയിൽ ഇന്ത്യയോട് മുട്ടാൻ ആരുമൊന്ന് വിയർക്കും.
കമ്മീഷനിംഗിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഉന്നത ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും അരീഘട്ട് പ്രവർത്തിക്കുക.
750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ആണവ ബാലിസ്റ്റിക് മിസൈലുകളോട് കൂടെ, 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ട് ഇന്തോ-പസഫിക്കിൽ ദീർഘദൂര പട്രോളിംഗ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ മുങ്ങിക്കപ്പൽ , S4 എന്നറിയപ്പെടുന്ന INS അരിദാമാൻ അടുത്ത വർഷം കമ്മീഷൻ ചെയ്യാൻ ഒരുങ്ങുകയാണ്. തൊട്ടുപിന്നാലെ S-4* എന്ന കോഡ് നാമമുള്ള നാലാമത്തെ എസ് എസ് ബി എന്നും കമ്മീഷൻ ചെയ്യപ്പെടും. ഇതോടു കൂടി ഇന്തോ – പസിഫിക്കിൽ ഇന്ത്യയുടെ ശക്തി പലമടങ്ങായി വർദ്ധിക്കും.
ഇൻഡോ-പസഫിക്കിൻ്റെ മധ്യഭാഗത്തായി ഇന്ത്യയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ, രണ്ട് SSBN-കൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. മേഖലയിൽ സാഹസപ്രകടനത്തിന് മുതിര്ന്ന ഏതൊരു നാവികസേനയ്ക്കും ഒരു തടസ്സമായി പ്രവർത്തിക്കാൻ ഇന്ത്യക്ക് ഇതോടു കൂടി കഴിയും .
ഐഎൻഎസ് അരിഹന്ത് ക്ലാസ് അന്തർവാഹിനികൾ രണ്ടും തദ്ദേശീയ ആണവ റിയാക്ടറും തദ്ദേശീയ ആണവ മിസൈലും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഐഎൻഎസ് അരിഹന്ത് ഒരു ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ ആയിരുന്നെങ്കിൽ , ഐഎൻഎസ് അരിഘട്ട് എല്ലാ സാങ്കേതിക വിടവുകളും പരിഹരിച്ചു, കൊണ്ടുള്ള , കൂടുതൽ മെച്ചപ്പെട്ട പതിപ്പാണ്.
S-4* അഥവാ നാലാമത്തെ ആണവ അന്തർവാഹിനി കൂടെ കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ,3,000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻശേഷിയുള്ള അടുത്ത ക്ലാസ് അന്തർവാഹിനികൾ വിക്ഷേപിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
അഗ്‌നി സീരീസ് പോലുള്ള കര അധിഷ്‌ഠിത ആണവ മിസൈലുകളും വായു വിക്ഷേപണ ആണവ ശേഷിയും ഇന്ത്യയ്‌ക്ക് ഇതിനകം ഉള്ളതിനാൽ, ന്യൂക്ലിയർ ട്രയാഡിലെ ഏറ്റവും ശക്തമായ ആയുധമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പലുകൾ.
Discussion about this post