ന്യൂഡൽഹി: അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം അടുത്ത കുറച്ച് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഗുജറാത്തിലെ ഭൂജ് മേഖലയുടെ 60 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറിനും, നാലിയ മേഖലയുടെ 80 കിലോമീറ്റർ വടക്കുകിഴക്കും, പാകിസ്താനിലെ കറാച്ചിയുടെ 270 കിലോമീറ്റർ തെക്കുകിഴക്കും ആയിട്ടാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് മേഖലയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത.
കച്ച്, സൗരാഷ്ട്ര, പാകിസ്താൻ തീരങ്ങൾ എന്നിവിടങ്ങളിലേക്ക് ചുഴലിക്കാറ്റായി മാറി വീശിയടിച്ചേക്കാം. ഗുജറാത്തിൽ ഇതിനകം കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നുണ്ട്. ഇതിനകം 17,800 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴക്കെടുതിയിൽ 28 പേരാണ് ഗുജറാത്തിൽ മരിച്ചത്.
ചുഴലിക്കാറ്റായി ഈ ന്യൂനമർദ്ദം മാറുകയാണെങ്കിൽ പാകിസ്താൻ നിർദ്ദേശിച്ച അസ്ന എന്ന പേരിലാണ് അറിയപ്പെടുക. അസ്ന എന്നാൽ തിളക്കമേറിയത് എന്നും ഔന്നത്യമുള്ളത് എന്നുമെല്ലാം അർത്ഥമുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും വടക്കൻ ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്.
അറബിക്കടലിൽ അസാധാരണമായ മൺസൂൺ ചക്രവാത രൂപീകരണം നടക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമായി വിദഗ്ധർ പറയുന്നത്. 1964നു ശേഷം ഇതാദ്യമായാണ് അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത്.
അറബിക്കടലിൽ ഓഗസ്റ്റ് മാസത്തിൽ ഇത്തരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1891നും 2023നും ഇടയിൽ വെറും നാല് ചുഴലിക്കാറ്റുകളാണ് ഓഗസ്റ്റ് മാസത്തിൽ അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ളത്.
Discussion about this post