കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. അരളിയിലയിലെ വിഷാംശം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന സംശയം ഉയരുന്നുണ്ട്. വിദ്യാധരൻ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തേ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. മെഡിക്കൽ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോൺ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെൺകുട്ടിക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അരളിപ്പൂവിൻ്റെ അപകടം സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.
അരളി പൂത്ത് നിൽക്കുന്നത് കാണാൻ ഏറെ ഭംഗിയുണ്ടെങ്കിലും അരളിയുടെ എല്ലാ ഭാഗവും വിഷാംശം ഉള്ളതാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. നോർത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.
Discussion about this post