കാലിഫോർണിയ: ടെലഗ്രാം സി.ഇ.ഒ പാവെൽ ഡൂറോവിന്റെ അറസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഓഗസ്റ്റ് 24-ന് ഫ്രാൻസിലെ ലേ ബൂർജേ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ ഡൂറോവിനൊപ്പം 24 കാരിയായ യുവതിയുമുണ്ടായിരുന്നു. ഇവൾ പാവെലിന്റെ കാമുകിയാണെന്നും പാവെലിന്റെ അറസ്റ്റിൽ പങ്കുണ്ടെന്നുമുള്ള തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. യാത്രയിൽ ഡൂറോവിനൊപ്പം ഉണ്ടായിരുന്ന യുവതി ജൂലി വാവിലോവയാണ്.
പാവെലിന്റെ ഉടമസ്ഥതയിലുള്ള ടെലിഗ്രാമിൽ, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത്, പീഡോഫിലിക് ഉള്ളടക്കമുള്ളവ പ്രചരിപ്പിക്കൽ, സൈബർ അറ്റാക്ക്, തീവ്രവാദം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തങ്ങൾ നടന്നെന്ന് ആരോപിച്ച് പാവെലിനെതിരെ ഫ്രഞ്ച് അധികാരികൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ക്രിപ്റ്റോ കോച്ചാണ് ജൂലിയെന്ന് പറയപ്പെടുന്നു. പാവെൽ ഡൂറോവിന്റെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ജൂലി തന്റെയും പാവെലിന്റെയും യാത്രയുടെ എല്ലാ വിവരങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് പാവെലിന്റെ ലൊക്കേഷൻ കണ്ടെത്തുന്നതിന് ഏജൻസികളെ കൂടുതൽ സഹായിച്ചു. ഫ്രാൻസിൽ എത്തുന്നതിനുമുമ്പ് കസാഖ്സ്താൻ, കിർഗിസ്താൻ, അസെർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും പാവെലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ജൂലി പങ്കുവെച്ചിരുന്നു. ഇതുകാരണമാണ് അറസ്റ്റിൽ ജൂലിയ്ക്കും പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. ജൂലി പാവെലിന്റെ കാമുകിയാണോ, അതോ ഇരുവരും ഡേറ്റിങ്ങിലായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ കണക്ക് പ്രകാരം 15.5 ബില്യൺ ഡോളറാണ് ഡൂറോവിന്റെ ആസ്തി. എന്നാൽ അറസ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോകറൻസിയായ ടോൺകോയിൻ 15 ശതമാനത്തിലധികം ഇടിഞ്ഞു.
Discussion about this post