മലപ്പുറം: മലപ്പുറം എസ് പി എസ് ശശിധരനെതിരായ പി വി അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. സിപിഎം ജില്ലാ സെക്രട്ടറി അൻവറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. അൻവറിൻറെ പ്രതിഷേധം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാത്തിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്.
അതേസമയം, വിളിച്ച് വരുത്തിയതല്ലെന്നാണ് അൻവർ വിശദീകരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ചർച്ചയാണ് നടത്തിയത്. എപ്പോഴും വരുന്ന സ്ഥലമാണ്. പ്രതിഷേധത്തിന് പാർട്ടി പിന്തുണ ഉണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഏത് പാർട്ടിയെന്ന മറുചോദ്യവുമായി എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീട് പറയാമെന്നും എംഎൽഎ മറുപടി നൽകി.
മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പി വി അൻവർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അൻവറിൻറെ കുത്തിയിരിപ്പ് പ്രതിഷേധം.
പൊലീസ് സ്റ്റേഷൻ നിർമിക്കുന്നില്ലെങ്കിൽ എടക്കര പൊലീസ് സ്റ്റേഷന് നാല് വർഷം മുമ്പ് ജനങ്ങൾ ദാനമായി നൽകി 50 സെൻറ് സ്ഥലം ഉടമകൾക്ക് തിരിച്ചുനൽകാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്. പാവങ്ങൾക്ക് നിർമ്മിക്കുന്ന സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂർവം തടസപ്പെടുത്തുകയാണെന്നാണ് പിവി അൻവർ എംഎൽഎയുടെ ആരോപണം.
Discussion about this post