മുംബൈ: പറയുന്ന കാര്യം നടപ്പാക്കി കാണിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അംബാനിയുടെ പ്രഖ്യാപനം നടപ്പാകുകയാണെങ്കിൽ ജിയോ ബ്രെയിൻ വഴി AI ഇനി എല്ലാവരിലേക്കും എത്തിയിരിക്കും. എഐ ജനകീയവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര എഐ പ്ലാറ്റ്‌ഫോമായ ജിയോ ബ്രെയിൻ വിഷൻ പങ്കുവച്ചിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ് വെൽക്കം ഓഫർ പ്രഖ്യാപിച്ച് അംബാനി. രാജ്യത്തെ മറ്റ് കമ്പനികൾക്കും ഇത് ലഭ്യമാകും.
എഐ എല്ലായിടത്തും എല്ലാവർക്കു വേണ്ടിയും ( AI everywhere for everyone) എന്ന സന്ദേശത്തോടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനാധിപത്യവൽക്കരിക്കുന്ന വമ്പൻ പദ്ധതിക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷൻ റിലയൻസിന്റെ 47ാമത് വാർഷിക പൊതു യോഗത്തിൽ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു.
എഐ ലൈഫ്‌സൈക്കിളിന്റെ സമഗ്രവശങ്ങളും സ്പർശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്‌ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നതെന്ന് അംബാനി വ്യക്തമാക്കി. ജിയോ ബ്രെയിൻ എന്നാണ് റിലയൻസ് ഇതിന് പേര് നൽകിയിരിക്കുന്നത്. റിലയൻസിനുള്ളിൽ ജിയോ ബ്രെയിൻ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയിൽ രാജ്യത്തെ മറ്റ് കമ്പനികൾക്കും അത് ലഭ്യമാക്കാനാണ് അംബാനിയുടെ പദ്ധതി.
ഇൻഫ്രാസ്ട്രക്ചർ, നെറ്റ്വർക്കിംഗ്, ഓപ്പറേഷൻസ്, സോഫ്റ്റ്വെയർ, ഡാറ്റ എന്നിവയിൽ റിലയൻസിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും ആഗോള പങ്കാളികളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും കുറഞ്ഞ എഐ അനുമാന ചെലവ് ഇവിടെ ഇന്ത്യയിൽ തന്നെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇത് ഇന്ത്യയിലെ എഐ ആപ്ലിക്കേഷനുകൾ മറ്റെവിടെത്തെക്കാളും ചെലവ് കുറഞ്ഞതാക്കി മാറ്റും. എഐ എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയും.
” ജിഗാവാട്ട് തലത്തിലുള്ള എഐ-റെഡി ഡാറ്റാ സെന്ററുകൾ ജാംനഗറിൽ സ്ഥാപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണ്. പൂർണ്ണമായും റിലയൻസിന്റെ ഗ്രീൻ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്നതായിരിക്കുമിത്. സുസ്ഥിര വികസനത്തോടും ഹരിത ഭാവിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണത്,” അംബാനി പറഞ്ഞു.
Discussion about this post