ഇസ്‍ലാമാബാദ്: സുരക്ഷ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) പാക്കിസ്ഥാനിൽ നിന്നുതന്നെ ‘ഉപദേശം’. മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയയാണ് പാക്കിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യൻ ടീമിനെ അയയ്ക്കാതിരിക്കുന്നതാകും ഉചിതമെന്നും പരസ്യമായി അഭിപ്രായപ്പെട്ടത്. വ്യത്യസ്ത രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ഹൈബ്രിഡ് മോഡലാകും ചാംപ്യൻസ് ട്രോഫിക്ക് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
ഡാനിഷ് കനേരിയുടെ വാക്കുകൾ
‘‘പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു വരരുതെന്നേ ഞാൻ പറയൂ. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ അധികൃതർക്കും ശ്രദ്ധ വേണം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ഉചിതമായ തീരുമാനമെടുക്കട്ടെ. മിക്കവാറും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താനാണ് സാധ്യത’ – ഡാനിഷ് കനേരിയ പറഞ്ഞു.
പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച 2023ലെ ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അവിടേക്ക് അയയ്ക്കാൻ ബിസിസിഐ തയാറായിരുന്നില്ല. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്. അതേസമയം, ഈ സംഭവത്തിനു ശേഷം ഏകദിന ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയിരുന്നു. 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ടീം ഏറ്റവും ഒടുവിൽ പാക്കിസ്ഥാനിൽ കളിച്ചത്.കളിക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്നതിന് ബിസിസിഐയെ കനേരിയ അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post