തിരുവനന്തപുരം: വിവാദമായി കൊണ്ടിരിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മാധ്യമങ്ങൾക്ക് മുന്നിൽ മറുപടിയുമായി മോഹൻലാൽ രംഗത്തെത്തി.
താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു.
സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
മാത്രമല്ല, സിനിമ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, ഒരുപാട് പേരുടെ ജീവനും ജീവിതവും ആണ് ഈ സിനിമ വ്യവസായം എന്നും അത് തകർക്കാനുള്ള അവസരം ആരും മുതലാക്കരുതെന്നും, 57 വർഷമായി താൻ ഈ മേഖലയുമായി സഹകരിച്ചു വരുന്ന വ്യക്തിയാണെന്നും മോഹൻലാൽ വ്യക്തമാക്കി.
തുടർച്ചയായുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിങ്ങൾ പറയുന്നതുപോലെ ഉത്തരം പറയാൻ എനിക്ക് സാധിക്കില്ലെന്ന് പെട്ടെന്നൊരു ദിവസം കൊണ്ട് ഞങ്ങൾ നിങ്ങൾക്ക് അന്യരായോ എന്നും മോഹൻലാൽ ചോദിച്ചു. കൂടാതെ താൻ ഒരു പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും പവർ ഗ്രൂപ്പിനെ പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post