കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി എംഎൽഎ പിവി അൻവർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായ സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ ആണെന്നും അദ്ദേഹത്തിന് അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുമായാണ് ഇക്കുറി അൻവർ രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനാണ് അൻവർ ഇക്കാര്യങ്ങൾ ആരോപിച്ചത്.
പ്രമുഖ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതികളായിരുന്ന സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ ആണെന്നും അതിലൂടെ കേരള ജനതയെ അദ്ദേഹം വഞ്ചിച്ചുവെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ. പേര് വെളിപ്പെടുത്താൻ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥൻ തനിക്ക് അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പറഞ്ഞ അൻവർ ഈ സന്ദേശം മാധ്യമങ്ങളെ കേൾപ്പിക്കുകയും ചെയ്‌തു.
തിരുവനന്തപുരം നഗരത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഭാഗത്ത് അജിത്കുമാർ ഭൂമി വാങ്ങിയെന്നും അവിടെ ആഡംബര വീട് നിർമ്മിക്കുന്നുണ്ടെന്നും അൻവർ പറയുന്നു. കവടിയാർ കെട്ടാരത്തിന്റെ കോമ്പൗണ്ടിലാണ് സ്ഥലം വാങ്ങിയത്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
12,000 സ്ക്വയർ ഫീറ്റ് വീടാണ് നിർമ്മിക്കുന്നുണ്ടെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് ഇവിടെ സെന്റിന് വിലയെന്നും അൻവർ ചൂണ്ടിക്കാട്ടി. ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എംഎ യൂസഫലിയുടെ വീടിനോട് ചേർന്നാണ് ഇതെന്നും അൻവർ പറഞ്ഞു.
‘കേരള ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാർ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്നോട് വെളിപ്പെടുത്തി. പാർട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എംആർ അജിത് കുമാറാണെന്നാണ് അദ്ദേഹം പറയുന്നത്’ അൻവർ പറയുന്നു.
എടവണ്ണ കൊലപാതകത്തെ കുറിച്ചും അൻവർ പരാമർശിച്ചു. ‘കൊല്ലാനും കൊല്ലിയ്ക്കാനും അജിത് കുമാറിന് കഴിയുമെന്ന് എസ്‌പി പറഞ്ഞു. റിദാൻ തലക്ക് വെടിയേറ്റാണ് മരിച്ചത്. ഷാൻ അല്ല പ്രതിയെന്ന് റിദാന്റെ ഭാര്യ പറയുന്നു.റിദാൻ്റെ ഭാര്യയോട് മോശമായി പെരുമാറി, മൂന്നു ദിവസം മർദിച്ചു. ഷാനുമായി രഹസ്യ ബന്ധമുണ്ടെന്ന് സമ്മതിക്കാൻ റിദാന്റെ ഭാര്യയെ നിർബന്ധിച്ചു. പല കള്ളക്കഥകളും ഉണ്ടാക്കി’ അൻവർ ആരോപിക്കുന്നു.
Discussion about this post