തിരുവനന്തപുരം: കറണ്ട് ബിൽ അടക്കാൻ പുതിയൊരു സംവിധാനം കൂടി കെ.എസ്.ഇ.ബി അവതരിപ്പിക്കുന്നു. മീറ്റർ റീഡിംഗിനെത്തുന്ന ജീവനക്കാർ ബിൽ തരുമ്പോൾ പണം അവരുടെ കൈവശമുള്ള മെഷീൻ വഴി തന്നെ അടയ്ക്കാം. ബില്ലടക്കാൻ കൗണ്ടറിൽ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഓൺലൈൻ വഴിയുള്ള ഇടപാടിനുള്ള ബുദ്ധിമുട്ടുകളും ഒഴിവായി കിട്ടും. ഒക്ടോബർ മുതലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.എ എന്നിവ വഴി ട്രാൻസാക്ഷൻ ചാർജുകൾ ഇല്ലാതെ ബിൽ അടക്കാനാകും. നിലവിലുള്ള മീറ്റർ റീഡിംഗ് മെഷീനുകളിൽ ബിൽ അടക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തും.
പദ്ധതി കനറാബാങ്കുമായി സഹകരിച്ച്
കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിൻടെക് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകൾ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവർത്തിക്കുക. സംസ്ഥാനത്ത് 5000 സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബിൽ പേയ്മെന്റിനുള്ള സൗകര്യം കൂട്ടിച്ചേർക്കും. കെ.എസ്.ഇ.ബി ഓഫീസുകളിലും ഇത്തരത്തിൽ സ്പോട്ട് ബില്ലിംഗ് മെഷീൻ വഴിയുള്ള പണം സ്വീകരിക്കൽ നിലവിൽ വരും.
ക്യു ആർ കോഡ് പേയ്മെന്റും പരിഗണനയിൽ
ക്യൂ ആർ കോഡ് ഉപയോഗിച്ച് കറണ്ട് ബിൽ അടക്കാനുള്ള സംവിധാനവും വൈകാതെ കെ.എസ്.ഇ.ബി അവതരിപ്പിക്കും. ഇതിനുള്ള സാങ്കേതിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൺസ്യൂമർ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ക്യൂആർ കോഡ് തയ്യാറാക്കി വൈദ്യുതി ബില്ലിൽ ചേർക്കും. ഇത് സ്കാൻ ചെയ്താൽ തുക എത്രയെന്നറിയാനും പണം അടക്കാനും സൗകര്യമുണ്ടാകും.
Discussion about this post