തിരുവനന്തപുരം: പാപ്പനംകോട് ഉണ്ടായ വൻതീപിടിത്തത്തിൽ മരിച്ചത് ദമ്പതികൾ. നേരത്തേ, രണ്ടു സ്ത്രീകളാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. മരിച്ച ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫിസിലെ ജീവനക്കാരി വൈഷ്ണ(35)യാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റൊരു ശരീരം പൂർണമായും കത്തിനശിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈഷ്ണയും ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവുമാണ് മരിച്ചതെന്ന് തെളിഞ്ഞത്. വൈഷ്ണയെ കുത്തിയശേഷം കടയ്ക്കു ബിനു തീയിട്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് നിന്ന് കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ അകൽച്ചയിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ചെറിയ ഒരു ഓഫിസ് മുറിയാണ് കത്തിയമർന്നത്.
വൻ തീപ്പിടിത്തമായിരുന്നു പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറൻസ് ഏജൻസിയുടെ ഓഫീസിലുണ്ടായത്. സ്ഥാപനത്തിൽനിന്ന് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് സമീപത്തെ സ്ഥാപനങ്ങളിലുള്ളവർ പറയുന്നത്. തീയണച്ചതോടെയാണ് ഓഫീസിലെ കാബിന് പുറത്ത് വൈഷ്ണയുടെ മൃതദേഹം കണ്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ഓഫീസിന് അകത്തായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. മരിച്ച രണ്ടാമത്തെ വ്യക്തി ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തിൽ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു.
മുറിക്കുള്ളിൽ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടർന്നത്. നാട്ടുകാർ ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തീ കെടുത്തി. എങ്കിലും രണ്ടുപേരെയും പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏഴ് വർഷമായി വൈഷ്ണ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
Discussion about this post