സിംഗപ്പൂർ : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ബ്രൂണൈയിൽ നിന്ന് ചാംഗി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സിംഗപ്പൂരിലെ ഇന്ത്യൻ കമ്മീഷണർ ശിൽപക് ആംബുലെ ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോംഗ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികൾ പ്രധാനമന്ത്രിക്ക് അതി ഗംഭീര സ്വീകരണമാണ് നൽകിയത്.
സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപൂരിലെത്തിയത്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടത്തി. ഇസ്താന നൂറുൽ ഇമാനിൽ ഹാജി ഹസ്സനൽ ബോൾകിയയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
ഇരുരാജ്യവും നയതന്ത്രബന്ധത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുകയാണെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിച്ചത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിൽ ഇരുരാജ്യവും സുപ്രധാനപങ്കാളികളാണെന്നും തൻറെ സന്ദർശനങ്ങൾ ബ്രൂണൈയുമായും സിംഗപ്പൂരുമായുമുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി
Discussion about this post