ബെംഗളൂരു: നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരേ രേണുകാസ്വാമി കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബുധനാഴ്ച രാവിലെ വിജയനഗർ സബ് ഡിവിഷൻ എ.സി.പി. ചന്ദൻകുമാർ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തിൽ 231 സാക്ഷികളാണുള്ളത്. ഇതിൽ മൂന്നുപേർ ദൃക്‌സാക്ഷികളാണ്.
കൊലപാതകത്തിന്റെ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കി. എട്ട് ഫൊറൻസിക് റിപ്പോർട്ടുകളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും നടി പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
നടൻ ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് ഇരുവരും ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുള്ള കാരണം ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇൻസ്റ്റഗ്രാമിൽ അശ്ലീലസന്ദേശം അയച്ചതായിരുന്നു. ദർശന്റെ നിർദേശപ്രകാരം കൊലയാളി സംഘം രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയും, ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് ക്രൂര മർദ്ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയുമായിരുന്നു.
രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് ജൂൺ ഒൻപതാം തീയതി പുലർച്ചെയാണ്. തുടർന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രശസ്ത നടൻ ദർശനും നടി പവിത്രയ്ക്കും ഈ കൊലപാതക കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post