ജയ്പുർ : പോലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്.
മറ്റേത് മേഖലകളെയും പോലെ തന്നെ സംസ്ഥാനത്തെ നിയമ നിർവ്വഹണ ഏജൻസികളിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണം നടപ്പിൽ വരുത്തുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മന്ത്രി ജോഗറാം പട്ടേൽ വ്യക്തമാക്കി. 1989-ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസ് റൂൾസ് പോലീസ് വകുപ്പിൽ ഭേദഗതി വരുത്തിയാണ് വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പോലീസ് സേനയിൽ സംവരണം നൽകുമെന്നും രാജസ്ഥാൻ സർക്കാർ അറിയിച്ചു.
പാരാലിമ്പിക്സിലും മറ്റ് കായിക ഇനങ്ങളിലും മികവ് പുലർത്തുന്ന കായികതാരങ്ങൾക്ക് സർക്കാർ അധിക സംവരണം നൽകുമെന്നാണ് മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇവ കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും മരണ ഗ്രാറ്റുവിറ്റിയും 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്താനും രാജസ്ഥാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി.
Discussion about this post