കൊച്ചി: മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് പതാക ഉയർത്തും. കെ ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മലയാളികൾക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കും.
തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കും. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ, ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. അത്തം മുതൽ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.

