മലപ്പുറം: എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി വീട്ടമ്മ. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സുജിത് ദാസിനെതിരെ പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ പറഞ്ഞു.
ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിൻ്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. 2022ൽ മലപ്പുറത്തായിരുന്നു കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസർക്കും വഴങ്ങിക്കൊടുക്കണമെന്ന് നിർബന്ധിച്ചു. അവിടെ താൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി പറയുന്നു.

