കാമറെഡ്ഡി; ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ വായിലാക്കി കടിച്ചു പിടിച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ എന്ന യുവാവാണ് മരിച്ചത്. ഇയാൾ പാമ്പുപിടുത്തക്കാരന്റെ മകനാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ച ആറടി നീളമുള്ള മൂർഖൻ പാമ്പിനെ പിടിച്ച് പുറത്താക്കാൻ എത്തിയതായിരുന്നു ശിവ. ഇതിനു പിന്നാലെ പാമ്പിനെ പിടിക്കൂടിയ ഇയാൾ വീഡിയോ എടുക്കുകയായിരുന്നു.
പിടികൂടിയ മൂർഖന്റെ തല വായ്ക്കുള്ളിൽ ആക്കി കടിച്ചുപിടിച്ചു കൊണ്ടായിരുന്നു ഇയാളുടെ റീൽ ചിത്രീകരണം. ഈ സമയത്താണ് പാമ്പ് ഇയാളെ കൊത്തിയത്. തുടർന്ന് ബോധരഹിതനായ ശിവയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അതേസമയം ഇതിനു മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ വാർത്തയായിരുന്നു. പെരുമ്പാമ്പിനെ പ്രദർശിപ്പിക്കുന്ന മേളയ്‌ക്കിടെ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്ന യുവതിയുടെ ചുണ്ടുകൾ കടിച്ചെടുക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കർണ്ണാടകയിലെ ഷിമോഗയിലും ഇത്തരത്തിലുളള സംഭവം നടന്നിരുന്നു. പാമ്പ് പിടുത്തകാരൻ സോനുവിനാണ് അന്ന് പാമ്പുകടിയേറ്റത്.

