ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സിനിമയിലെ ലൈംഗിക അതിക്രമ പരാതികൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കോടതി നിർദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങളിൽ സർക്കാർ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക ണഅന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് കോടതി മുമ്പാകെ മറുപടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വന്ന ലൈംഗിക അതിക്രമ പരാതികളിൽ കേസെടുത്തതായി സർക്കാർ കോടതിയ്ക്ക് മുൻപാകെ വ്യക്തമാക്കി. ഇതുവരെ 23 കേസുകൾ രജിസ്റ്റർ ചെയ്തതായി എ ജി അറിയിച്ചു. ആഭ്യന്തര പ്രശ്‌ന പരിഹാരത്തിനായി ഐസിസി നടപ്പാക്കാത്ത സിനിമാ യൂണിറ്റുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷനും കോടതിയെ അറിയിച്ചു.

