വാഷിംഗ്ടൺ: അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൻറെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല.
അമേരിക്കയുടെ മാത്രമല്ല ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബർ 11. സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് തങ്ങളെ ആക്രമിക്കാൻ ഒരു ശക്തിക്കും ആവില്ല എന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു വേൾഡ് ട്രേഡ് സെൻറർ ആക്രമണം. ആദ്യം വന്ന റിപ്പോർട്ടുകൾ ഒരു വിമാനാപകടത്തിന്റേതായിരുന്നു.
ബോസ്റ്റണിൽ നിന്നും ലൊസാഞ്ചലസ് വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിൻറെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് ഉറപ്പിച്ചു
നാലു യാത്രാവിമാനങ്ങളാണ് അന്ന് അൽഖായിദ ഭീകരർ റാഞ്ചിയത്. സംഘം ലക്ഷ്യമിട്ടത് ന്യൂയോർക്ക് നഗരത്തെ മാത്രമായിരുന്നില്ല. പെൻറഗണും വൈറ്റ് ഹൗസുമുൾപ്പടെ ലക്ഷ്യമിട്ടു. എന്നാൽ വൈറ്റ് ഹൗസ് ആക്രമിക്കാനുള്ള ശ്രമം വിജയിച്ചില്ല.
അന്ന് നാലിടങ്ങളിലുമായി കൊല്ലപ്പെട്ടത് 3000ൽ അധികം പേർ. വേൾഡ് ട്രേഡ് സെന്റർ തകർന്നടിഞ്ഞു വീണ ദുരന്ത ഭൂമി പിന്നീട് ഗ്രൗണ്ട് സീറോ എന്നറിയപ്പെട്ടു. ഈ അക്രമണങ്ങൾക്കുള്ള മറുപടിയായി ഗ്ലോബൽ വാർ ഓൺ ടെറർ എന്ന പേരിൽ അമേരിക്കയുടെ പ്രതികാര ദൗത്യങ്ങൾക്കും പിന്നീട് ലോകം സാക്ഷ്യം വഹിച്ചു. ലോകത്തെ നടുക്കിയ ഈ ഭീകരാക്രമണങ്ങൾ വൻ ഞെട്ടലാണ് അമേരിക്കയിൽ വിതച്ചത്. പേൾ ഹാർബറിനു ശേഷം അമേരിക്കക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ഈ സംഭവം. പിന്നീടിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയിരിക്കുന്നു.
Discussion about this post