കാലിഫോർണിയ: സെലീന ഗോമസ് എന്ന പേര് പാശ്ചാത്യ സംഗീത പ്രേമികളിൽ ഒരു ഹരമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരിൽ ഒരാൾ. പക്ഷേ ഒരിക്കൽ കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന, ഒരു ഗ്യാസ് സിലിണ്ടർ വാങ്ങാൻ പോലും ഒരുപാട് ബുദ്ധിമുട്ടിയിട്ടുള്ള ആളായിരുന്നു സെലീന.
ദരീദ്ര കുടുംബത്തിൽ നിന്ന് സെലീന സ്വയം നേടിയെടുത്ത ആസ്തി 10,000 കോടി രൂപയിലേറെ ആണ്. അമേരിക്കൻ പോപ് ഗായികയും നടിയുമൊക്കെയായ സെലീന ഗോമസ് ഇപ്പോൾ നിർമ്മാതാവും മുൻനിര ബിസിനസുകാരിയുമാണ്. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അടുത്തിടെ ഇടം നേടിയിരുന്നു.. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന പോപ്പ് താരങ്ങളിൽ ഒരാളായ അവർ സിനിമകളിലൂടെയും ഗാനങ്ങളിലൂടെയും ഇപ്പോഴും ആരാധകരെ നേടുന്നുണ്ട്.
2019-ൽ ആണ് സ്വന്തം ബ്യൂട്ടി ബ്രാൻഡായ റെയർ ബ്യൂട്ടി ആരംഭിക്കുന്നത്. ആസ്തിയുടെ ഏറിയ പങ്കും ഈ സംരംഭത്തിൽ നിന്നാണ്. 32-ാം വയസ്സിൽ സെലീന ഗോമസ് ശതകോടീശ്വരിയായി. സമ്പത്തിൻ്റെ 80 ശതമാനവും ഇപ്പോൾ ഈ ബ്യൂട്ടി കെയർ ബ്രാൻഡിൽ നിന്നാണ്. ബ്യൂട്ടി കെയർ ബ്രാൻഡിന് പുറമെ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുമുണ്ട്. നിരവധി കമ്പനികളിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.
ഏറെ ദുരിതങ്ങൾ താണ്ടിയാണ് അവർ കരിയർ കെട്ടിപ്പടുക്കുന്നത്. സെലീനയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. അമ്മയോടൊപ്പം ആയിരുന്നു പിന്നീട് താമസം. സാമ്പത്തികമായി ഒട്ടേറെ പരാധീനതകൾ. 16 വയസുള്ളപ്പോൾ ആണ് അമ്മ സെലീനയെ പ്രസവിക്കുന്നത്. പിന്നീട് അവർ പഠനം പൂർത്തിയാക്കുന്നതുവരെ സെലീന മുത്തശ്ശിക്കൊപ്പം താമസിച്ചു. ഏഴാമത്തെ വയസ്സിൽ ആണ് നടിയായി ടെലിവിഷനിൽ എത്തുന്നത്.
ബാർണി ആൻഡ് ഫ്രണ്ട്സ് (2002-2004) എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് ബാലതാരമായി ആയിരുന്നു കരിയറിൻ്റെ തുടക്കം. ഡിസ്നി ചാനലിലൂടെയാണ് പ്രശസ്തയാകുന്നത്. ടെലിവിഷൻ ഷോകളിലൂടെയും പിന്നീട് സിനിമയിലൂടെയും സെലീന കഴിവ് തെളിയിച്ചു. . അനദർ സിൻഡ്രെല്ല സ്റ്റോറി, റമോണ ആൻഡ് ബീസസ്, മോണ്ടെ കാർലോ, സ്പ്രിംഗ് ബ്രേക്കേഴ്‌സ് അങ്ങനെ ഒട്ടേറെ സിനിമകൾ സെലീനയെ അരാധകർക്ക് പ്രിയങ്കരിയാക്കി. സംഗീത ആൽബങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഐസ്‌ക്രീം’, ‘കോൾ ഡൗൺ’, ‘ലവ് യു ലൈക്ക് എ ലവ് സോംഗ്’ തുടങ്ങിയ ഒട്ടേറെ ഹിറ്റുകൾ സെലീനയുടെ പേരിലുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, സെലീനയുടെ ആസ്തി ഏകദേശം 1.3 ബില്യൺ ഡോളർ ആണ്.
Discussion about this post