ന്യൂഡൽഹി: ദേശീയപാത നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകും. പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങൾക്ക് ആയിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ ഗുണമുണ്ടാവുന്നത്.
സ്വകാര്യ വാഹന ഉടമകൾക്ക് പ്രയോജനം ചെയ്യുന്ന 2008ലെ ദേശീയ പാത ഫീസ് (നിരക്കുകളും ശേഖരണവും നിശ്ചയിക്കൽ) ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഫങ്ഷണൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉള്ള സ്വകാര്യ വാഹന ഉടമകൾക്ക് ടോൾ ടാക്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും.
ജിഎൻഎസ്എസ് സജ്ജീകരിച്ചിട്ടുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും പ്രതിദിനം 20 കിലോമീറ്റർ വരെ യാതൊരു ടോൾ ടാക്സും ഈടാക്കില്ല. 20 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾ ആണെങ്കിൽ യാത്രാ ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ഫീസ് ഈടാക്കുന്നത് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിനൊപ്പം പൈലറ്റ് പ്രോജക്ടായി ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം ആരംഭിക്കുമെന്ന് റോഡ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കർണാടകയിലെ NH-275-ൻ്റെ ബെംഗളൂരു-മൈസൂർ സെക്ഷനിലും ഹരിയാനയിലെ NH-709-ൻ്റെ പാനിപ്പത്ത്-ഹിസാർ വിഭാഗത്തിലും ഈ സംവിധാനത്തിനായി പരീക്ഷണാത്മക പഠനം നടത്തിയതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി.
2024 ജൂൺ 25-ന് ഒരു അന്താരാഷ്‌ട്ര വർക്ക്‌ഷോപ്പിലൂടെ ഒരു സ്‌റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷൻ നടന്നതായും 2024 ജൂലൈ 22-ന് സമർപ്പിക്കാനുള്ള സമയപരിധിയോടെ 2024 ജൂൺ 7-ന് ഒരു ഇൻ്റർനാഷണൽ എക്‌സ്‌പ്രഷൻ ഓഫ് ഇൻ്ററൽസ് (EOI) ക്ഷണിച്ചതായും ഗഡ്കരി കുറിച്ചു.
Discussion about this post