ബെംഗളൂരു; വിത്യസ്തമായ ഒരു പ്രതിഷേധം നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഓണം എത്തിയതോടെ എല്ലാ ഓഫിസുകളിലും ഓണാഘോഷങ്ങൾ നടക്കുന്നതിനിടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥറിന്റെ ഓഫിസിലും ആഘോഷങ്ങൾ നടന്നു.
എല്ലായിടത്തേയും പോലെ സെറ്റുമുണ്ടും മുണ്ടും ഷർട്ടുമൊക്കെ അണിഞ്ഞ ജീവനക്കാരുണ്ട്. ഇലയിട്ട് പപ്പടം, പഴം, അച്ചാർ, ഉപ്പേരി, മുതലായവയൊക്കെ ഊണിന് നിരത്തിയിട്ടുണ്ട്. പക്ഷേ ഒരൊറ്റയൊന്ന് കുറഞ്ഞുപോയി. ഇലയിൽ ചോറുമാത്രമില്ല. എല്ലാവർക്കും വിളമ്പിയത് ചപ്പാത്തി… ഉണ്ണാൻ വിളിച്ച് ഇലയിട്ടിട്ട് ചോറില്ലെങ്കിൽ മലയാളി വിടുമോ? സോഷ്യൽ മീഡിയ ഇളകി… ചോറ് കുത്തിപ്പിടിച്ച് വാങ്ങുമെന്ന വാശിയോടെ.
Onam at Ather office today!
Onashamsakal! pic.twitter.com/xelzpAl63Q
— Tarun Mehta (@tarunsmehta) September 11, 2024
ഏഥർ സഹസ്ഥാപകൻ തരുൺ മേത്ത ഏഥറിലെ ഓണാഘോഷ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചപ്പോഴാണ് സദ്യയിൽ ചോറില്ലെന്ന് മലയാളികൾ മനസിലാക്കിയത്. പിന്നീട് കമന്റുകളുമായി മലയാളികൾ അവിടെത്തന്നെ അങ്ങ് കൂടി.
കറികളുടെ നടുക്ക് ചപ്പാത്തി വച്ചിരിക്കുന്ന ആ ഇല കണ്ട് കരഞ്ഞുപോയെന്നാണ് ട്വിറ്ററിൽ നിരവധി പേർ കമന്റിട്ടിരിക്കുന്നത്. മോരൊഴിച്ച് കഴിക്കാനെങ്കിലും അൽപം ചോർ വിളമ്പിയില്ലെങ്കിൽ ഒറ്റയൊന്നിനേയും വെറുതെ വിടില്ലെന്ന് ക്ഷുഭിതരായ മലയാളികൾ പറയുന്നു.
ഓണത്തിന് എത്രകൂട്ടം കറികളുണ്ടാകുമെന്നും നടുവിലിങ്ങനെ തുമ്പപ്പൂ ചോർ വിളമ്പണമെന്നും മീമുകളിലൂടെയും സ്റ്റിക്കറുകളിലൂടെയും ഏഥറിനെ പഠിപ്പിക്കുന്നുമുണ്ട് മലയാളികൾ.
എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കാനും അതിന്റെ ഉത്സവത്തെ ആഘോഷിക്കാനും മനസുണ്ടായതിന് ഒരുകൂട്ടം പേർ ഏഥറിന് നന്ദിയും അറിയിക്കുന്നുണ്ട്.
Discussion about this post