ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡാൽ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് സാവിത്രി ജനവിധി തേടുന്നത്. ബിജെപിയുടെ കുരുക്ഷേത്ര എംപി നവീൻ ജിൻഡാലിൻറെ മാതാവ് കൂടിയാണ് സാവിത്രി ജിൻഡാൽ.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻറെ അവസാന ദിവസമായ ഇന്നലെയായിരുന്നു സാവിത്രി പ്രതിക സമർപ്പിച്ചത്. ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം. ഹരിയാന മന്ത്രിയും ഹിസാറിലെ സിറ്റിംഗ് എംഎൽഎയുമായ കമൽ ഗുപ്തയാണ് എതിർസ്ഥാനാർഥി.
സാവിത്രിയുടെ ഭർത്താവും ജിൻഡാൽ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിൻഡാൽ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (1991, 2000, 2005) ഹിസാറിൽ നിന്ന് വിജയിച്ചിരുന്നു. 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുമ്പോൾ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിലും മന്ത്രിയായിരുന്നു.ഭർത്താവിൻ്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
ഹിസാർ മണ്ഡലത്തിൽ നിന്നും രണ്ട് തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട് സാവിത്രി. 2005-ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2009-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജിൻഡാൽ 2013ൽ ഭൂപീന്ദർ സർക്കാരിൽ മന്ത്രിയായിരുന്നു. 2014ല മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് നവീൻ ജിൻഡൽ ഉൾപ്പെടെയുള്ള ജിൻഡാൽ കുടുംബം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്.
ഇക്കുറി നാമനിർദേശ പത്രികയിൽ സാവിത്രി നൽകിയ കണക്കുകൾ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തെരഞ്ഞെടുപ്പിൽ ആസ്തി 43.68 കോടി ആയിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് 113 കോടി വർദ്ധിച്ചു. ഫോബ്സ് മാഗസിന്റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ശതകോടീശ്വരയായ ഏക വനിത സാവിത്രിയാണ്. ഈ കഴിഞ്ഞ ആഗസ്തിൽ ജിൻഡാൽ ഗ്രൂപ്പിൻ്റെ ആസ്തി 39.5 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തേക്ക് സാവിത്രി എത്തി. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരിൽ ഒരാളും സാവിത്രിയാണ്
Discussion about this post