പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74ആം ജന്മദിനം. വിപുലമായ പദ്ധതികളുമായി കേന്ദ്രസർക്കാരും സംഘടനകളും രംഗത്തുണ്ട്. ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികൾ പ്രഖ്യാപിക്കും. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വാഗ്ദാനമായിരുന്നു ഇത്.
ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുവട്ടം തുടർച്ചയായി പ്രധാനമന്ത്രിയായെന്ന നേട്ടം നരേന്ദ്രമോദിക്ക് സ്വന്തം. ഒരു നേതാവെന്ന നിലയിൽ നരേന്ദ്ര മോദി രാജ്യത്തിന്റെ മാറ്റത്തിന്റെ ഉത്തേജകശക്തികളിൽ ഒരാളാണ്. 2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. 1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി – ഹീരാബെൻ ദമ്പതികളുടെ മകനായി നരേന്ദ്ര മോദി ജനിച്ചത്.
2014ൽ പ്രധാനമന്ത്രിയായശേഷം നടപ്പാക്കിയ നോട്ട് നിരോധനം കടുത്ത വിമർശനം ഏറ്റുവാങ്ങിയെങ്കിൽ ശുചിത്വ പ്രചാരണമായ സ്വച്ഛ് ഭാരത് അഭിയാൻ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു. 2019ൽ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ ജമ്മുകശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും പൗരത്വഭേദഗതി നിയമവും പ്രതിഷേധങ്ങൾക്കിടയാക്കി. മോദിയുടെ ഗ്യാരണ്ടിയിൽ ബിജെപി മത്സരിച്ച 2024-ലെ പൊതുതെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിൽ ബിജെപിയെ എത്തിക്കുന്നതിൽ പരാജയപ്പെട്ടത് മോദിയുടെ തിളക്കം കുറച്ചിട്ടുണ്ടെങ്കിലും വികസനപ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് മോദി.
മൂന്നാം മോദി സർക്കാർ നൂറുദിവസം പിന്നിട്ടപ്പോൾ അടിസ്ഥാനസൗകര്യ വികസനത്തിനായി മൂന്നുലക്ഷം കോടിരൂപ പദ്ധതികൾക്ക് അംഗീകാരം നൽകിയതും ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെ ഇന്ത്യയുടെ അഭിമാനമുയർത്തിയതും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വളർന്നതും മോദിയുടെ ജന്മദിനത്തിന് കൂടുതൽ തിളക്കം പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
പലയിടങ്ങളിലും ഓട്ടോറിക്ഷകൾ യാത്രയ്ക്ക് ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഇന്ന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അജ്മേർ ഷെരീഫ് ദർഗ 4000 കിലോഗ്രാമിന്റെ സസ്യഭക്ഷണം വിതരണം ചെയ്യും. ചെന്നൈയിൽ പ്രസ്‌ലി ഷെക്കിന (13) എന്ന വിദ്യാർഥിനി ധാന്യങ്ങൾ ഉപയോഗിച്ച് മോദിയുടെ ഛായാചിത്രം വരച്ചു.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഭാരത മാതാവിൻറെ മഹാ പുത്രനായ ദാർശനിക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.
കരുത്തും അഭിവൃദ്ധിയുമുള്ള ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിൻറെ കാഴ്‌ചപ്പാടുകൾ എല്ലാവരുടെയും ഹൃദയത്തെ പ്രോജ്വലിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങയുടെ നേതൃത്വവും ആത്മാർപ്പണവും ഇന്ത്യയെ പരിവർത്തനം ചെയ്യുന്നത് തുടരും. തലമുറകളെ താങ്കൾ പ്രചോദിപ്പിക്കുകയും ചെയ്യും -സാഹ കുറിച്ചു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു. നല്ല ആരോഗ്യവും ദീർഘായുസും നേരുന്നുവെന്നായിരുന്നു ഷിൻഡെയുടെ ആശംസ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ സാമ്പത്തിക രംഗത്ത് ഒരു സൂപ്പർശക്തിയായി മാറ്റിക്കൊണ്ടിരിക്കുന്നു. 2047ഓടെ വികസിത ഇന്ത്യയെന്ന അദ്ദേഹത്തിൻറെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. രാജ്യത്തെ അഞ്ച് ലക്ഷം കോടി സമ്പദ് ഘടനയാക്കി മാറ്റിയെടുക്കാനുള്ള പ്രധാനമന്ത്രിയുെട ശ്രമങ്ങൾക്ക് മഹാരാഷ്‌ട്രയെ കൊണ്ടാകാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കാരണം ഇന്ത്യയുടെ നായകൻ മോദിയാണ്. അദ്ദേഹത്തിന് സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നുവെന്നും ഷിൻഡെ കുറിച്ചു.
മണ്ണ് കൊണ്ട് ശിൽപ്പം നിർമിക്കുന്ന സുദർശൻ പട്‌നായികും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ ജഗദീശ്വരൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹത്തിൻറെ എക്‌സ് കുറിപ്പ്. പ്രധാനമന്ത്രിയുടെ മണൽ ശിൽപ്പവും അദ്ദേഹം നിർമിച്ചിട്ടുണ്ട്. തൻറെ പിറന്നാൾ ആശംസകൾ ഈ ശിൽപ്പത്തിലൂടെ സ്വീകരിച്ചാലും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post